ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ കയറി യുവാക്കളുടെ അഭ്യാസ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയുമായി ജില്ലാഭരണകൂടവും പഞ്ചായത്തും. തലനാട് പഞ്ചായത്തിലെ ചോനമല വഴി ഇല്ലിക്കൽക്കല്ലിന്റെ പിൻഭാഗത്ത് എത്താം. പിൻഭാഗത്തുള്ള കുക്കല്ലു വഴി കയറിയാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്.
ഇവർ ആരാണെന്നോ എന്നാണ് കല്ലിൽ കയറിയതെന്നോ ആർക്കും അറിയില്ല. സോഷ്യൽ മീഡിയയിൽ വീഡിയോ ഇന്നലെ രാവിലെമുതൽ വൈറലായതോടെ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നു ജില്ലാ കളക്ടറെ അറിയിക്കാൻ തീരുമാനിച്ചു.
പോലീസും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുന്പ് കല്ലിന്റെ മുകളിൽകയറിയ ഒരാൾ താഴെവീണു മരണപ്പെട്ടിരുന്നു.